Wednesday 13 May 2015

കോപ്പിയടി

കോപ്പിയടി ആരോപണത്തെ തുടർന്നു തൃശൂർ റേഞ്ച് ഐജി: ടി.ജെ. ജോസിനെ തൽസ്‌ഥാനത്തു നിന്നു മാറ്റി. കോപ്പിയടി ആരോപണം ക്രൈംബ്രാഞ്ചും അന്വേഷിക്കും. പൊലീസ് അക്കാദമി ഡയറക്‌ടർ സുരേഷ് രാജ് പുരോഹിതിനു തൃശൂർ റേഞ്ച് ഐജിയുടെ അധിക ചുമതല നൽകി. ജോസിനു പകരം നിയമനം നൽകിയില്ല. ക്രൈംബ്രാഞ്ചിന്റെയും എംജി സർവകലാശാല അന്വേഷണ സമിതിയുടെയും റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ജോസിനെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കോപ്പിയടി ആരോപണം അന്വേഷിച്ച ഉത്തരമേഖല എഡിജിപി: എൻ. ശങ്കർ റെഡ്‌ഡി തിങ്കളാഴ്‌ച രാത്രി ഡിജിപിക്കു പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. ജോസ് കോപ്പിയടിച്ചതിനു തെളിവില്ലെന്നും തുണ്ടുകടലാസ് പിടിക്കപ്പെട്ടിട്ടില്ലെന്നും അതിനാൽ വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ശുപാർശ ചെയ്‌തു. അതു ശരിവച്ചു ഡിജിപി: കെ.എസ്. ബാലസുബ്രഹ്‌മണ്യം നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണു സർക്കാർ നടപടി.
കളമശേരി സെന്റ് പോൾസ് കോളജിൽ എംജി സർവകലാശാലയുടെ എൽഎൽഎം പരീക്ഷയ്‌ക്കിടെ ഐജി: ജോസ് തുണ്ടുകടലാസ് വച്ചു കോപ്പിയടിച്ചെന്നാണ് ആരോപണം. സർവകലാശാല ഡപ്യൂട്ടി റജിസ്‌ട്രാർ നടത്തിയ അന്വേഷണത്തിൽ ഇതു സ്‌ഥിരീകരിച്ചു. എന്നാൽ സർക്കാർ നിയോഗിച്ചതിന്റെ അടിസ്‌ഥാനത്തിൽ സമാന്തര അന്വേഷണം നടത്തിയ എഡിജിപി: ശങ്കർ റെഡ്‌ഡിക്കു കോപ്പയടിച്ചതിന്റെ തെളിവൊന്നും ലഭിച്ചില്ല.
ശങ്കർ റെഡ്‌ഡിയുടെ റിപ്പോർട്ടിൽ നിന്ന്: ഐജി ജോസ് പരീക്ഷ എഴുതിയ ഹാളിൽ നാല് ഇൻവിജിലേറ്റർമാരും സൂപ്പർവൈസറും അടക്കം അഞ്ചുപേർ നിരീക്ഷകരായി ഉണ്ടായിരുന്നു. നാലുപേർ ഹാളിനുള്ളിലും ഒരാൾ പുറത്തും. ജോസ് പരീക്ഷ എഴുതുന്നതിനിടെ തൂവാലയ്‌ക്കുള്ളിൽ സൂക്ഷിച്ച ഒരു കടലാസിൽ നോക്കി എഴുതുന്നതായി തോന്നിയതിന്റെ അടിസ്‌ഥാനത്തിൽ ഒരു വനിത ഇൻവിജിലേറ്റർ ആ കടലാസ് ചോദിച്ചെന്നും അതു നൽകാതെ ഐജി പുറത്തേക്കു പോയെന്നും അവർ മൊഴി നൽകി. എന്നാൽ തന്റെ തൂവാലയ്‌ക്കുള്ളിൽ ഹാൾ ടിക്കറ്റ് ആണ് ഉണ്ടായിരുന്നതെന്നും അറിയാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതി നേരത്തെ ഹാളിൽ നിന്ന് ഇറങ്ങിപ്പോയതാണെന്നും ജോസ് പറയുന്നു. ആ സമയം ആ കടലാസ് ആരും ചോദിച്ചില്ല.
പരീക്ഷ തീരുന്നതിന് ഒരു മണിക്കൂർ മുൻപേ ഹാൾ വിടുന്നതിനാൽ ചോദ്യക്കടലാസ് കൊണ്ടുപോകാൻ കഴിയില്ലെന്നും പരീക്ഷാസമയം തീർന്ന ശേഷം കൊണ്ടുപോകാമെന്നും അവർ പറഞ്ഞു. അതിന്റെ അടിസ്‌ഥാനത്തിൽ ചോദ്യക്കടലാസ് അവിടെ വച്ചിട്ടാണു താൻ പോയതെന്നും ഒന്നും കോപ്പിയടിച്ചില്ലെന്നും ജോസ് വ്യക്‌തമാക്കി. അതേസമയം എംജി സർവകലാശാല ഡപ്യൂട്ടി റജിസ്‌ട്രാർ അന്വേഷണം നടത്തിയപ്പോൾ ജോസിന്റെ മൊഴി രേഖപ്പെടുത്തിയില്ല. കോപ്പിയടിച്ചതായ തെളിവും അവർക്കു ലഭിച്ചില്ല.
അന്വേഷണത്തിന്റെ ഭാഗമായി ജോസ് എഴുതിയ ആ പരീക്ഷയുടെ ഉത്തരക്കടലാസ് സർവലകാശാലയുടെ പാനലിൽ ഉൾപ്പെട്ട അധ്യാപകനെ കൊണ്ടു പരിശോധിപ്പിച്ചു. പരിശോധനയിൽ ഏതെങ്കിലും ഉത്തരമോ ഉത്തരത്തിന്റെ ഭാഗമോ ഏതെങ്കിലും പുസ്‌തകത്തിലോ ഗൈഡിലോ നിന്നു പകർത്തിയതായി തെളിഞ്ഞില്ല. മാത്രമല്ല, ശരാശരി നിലവാരത്തിലും താഴെയാണ് ഉത്തരങ്ങളെന്നും കോപ്പയടിച്ചാൽ ഉത്തരങ്ങൾ ഇതുപോലെ ആകില്ലെന്നും അദ്ദേഹം രേഖാമൂലം അറിയിച്ചു. മാത്രമല്ല, താൻ എംജി സർവകലാശാലയുടെ ചീഫ് വിജിലൻസ് ഓഫിസറായിരുന്നതിനാൽ ആ സമയത്തെ പല നടപടികളും കാരണം പലർക്കും തന്നോടു വിരോധമുണ്ടെന്നും ജോസ് പറയുന്നു. ഈ സാഹചര്യത്തിൽ കോപ്പിയടിച്ചെന്ന സർവകലാശാലയുടെ അഭിപ്രായത്തോടു യോജിക്കാനാവില്ല.
അതിനാൽ ഐജി ജോസിനൊപ്പം പരീക്ഷ എഴുതിയ ഉദ്യോഗാർഥികളുടെയെല്ലാം മൊഴി കൂടി രേഖപ്പെടുത്തി വിശദ അന്വേഷണം ക്രൈംബ്രാഞ്ച് നടത്തണം. ആ റിപ്പോർട്ടും എംജി സർവകലാശാല ഇപ്പോൾ നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ടും പരിശോധിച്ചു തുടർനടപടി സ്വീകരിക്കാമെന്നും ശങ്കർ റെഡ്‌ഡി റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിരുന്നു.
ടി.ജെ. ജോസിനെ തെളിവെടുപ്പിനു വിളിക്കാൻ എംജി ഉപസമിതി തീരുമാനം
കോട്ടയം • ഐജി ടി.ജെ. ജോസിനെ തെളിവെടുപ്പിനു വിളിക്കാൻ കോപ്പിയടി സംബന്ധിച്ച് അന്വേഷണം നടത്തുന്ന എംജി സർവകലാശാലാ സിൻഡിക്കറ്റ് ഉപസമിതി തീരുമാനം. 25നു 10.30നു തെളിവെടുപ്പിനായി സർവകലാശാലയുടെ കോട്ടയത്തെ ഗെസ്‌റ്റ് ഹൗസിൽ എത്താൻ ആവശ്യപ്പെടും. അതേ ഓഫ് ക്യാംപസിലെ അധ്യാപകൻതന്നെ ഇൻവിജിലേറ്ററായി വന്നതിലും വീഴ്‌ചകളുണ്ടായിട്ടുണ്ടെന്ന നിരീക്ഷണവും ഉപസമിതി നടത്തിയിട്ടുണ്ട്.
ഉപസമിതി 16ന് കോപ്പിയടി നടന്ന കളമശേരി സെന്റ് പോൾസ് കോളജിൽ നേരിട്ടെത്തി തെളിവെടുപ്പു നടത്തും. ചെയർമാൻ സി.എച്ച്. അബ്‌ദുൽ ലത്തീഫ്, അംഗങ്ങളായ ഡോ. കെ.വി. നാരായണക്കുറുപ്പ്, ഡോ. എൻ. ജയകുമാർ, ഡോ. സി.വി. തോമസ് എന്നിവരാണു തെളിവെടുപ്പിനു പോകുന്നത്. ഐജി പരീക്ഷയെഴുതിയ 21നും 22നും ഒപ്പം പരീക്ഷയെഴുതിയവരിൽനിന്നു തെളിവെടുക്കും. ജൂൺ രണ്ടിന് ഉപസമിതി അന്തിമയോഗം ചേർന്നു റിപ്പോർട്ട് തയാറാക്കും.
ഐജി ജോസ് പരീക്ഷയ്‌ക്ക് ആകെ എഴുതിയ അഞ്ചു പേജുകളിലും കോപ്പിയടിച്ചതിന്റെ തെളിവില്ലെന്നാണ് ഇന്നലെ എഡിജിപി ശങ്കർ റെഡ്‌ഡി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ എംജി സർവകലാശാലാ പരീക്ഷാ മാന്വവൽ 14 പ്രകാരം സാഹചര്യ തെളിവുകൾതന്നെ കോപ്പിയടിച്ചെന്ന നിഗമനത്തിലെത്താൻ ധാരാളമാണെന്നു പറയുന്നുണ്ട്. കോപ്പിയടി കേസുകളിൽ ശിക്ഷിച്ച 20% എണ്ണത്തിൽപോലും തുണ്ടുവച്ച പേപ്പർ കയ്യോടെ പിടിച്ചെടുക്കാൻ കഴിയാതെതന്നെ നടപടിയിലേക്കു കടന്നതാണെന്നും സർവകലാശാലാ അധികൃതർ പറയുന്നു.
ഇൻവിജിലേറ്ററുടെ റിപ്പോർട്ടും സമീപം പരീക്ഷയെഴുതിയ മറ്റുള്ളവരുടെ മൊഴിയും മതി. ഐജിക്കൊപ്പം പരീക്ഷയെഴുതിയ മറ്റുള്ളവരുടെ മൊഴിയെടുക്കുന്നതോടെതന്നെ യാഥാർഥ്യത്തിലേക്കെത്താമെന്നാണ് ഉപസമിതിയുടെ പ്രതീക്ഷ.

No comments:

Post a Comment

kamukincoderajeev.blogspot.com